ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യവസായി അനിൽ അംബാനിയുടെ 1,450 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
നവി മുംബൈ, പൂനെ, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആസ്തികളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിലെ വ്യവസ്ഥകൾ പ്രകാരം ഇഡി കണ്ടുകെട്ടിയത്.
ഇതോടെ ബാങ്ക് വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പുമായും ബന്ധപ്പെട്ട് അനിലിന്റെ കന്പനികളിൽനിന്നു കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 9,000 കോടി രൂപയ്ക്കടുത്തായി.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് കമ്മ്യൂണിക്കേഷൻസും ഉൾപ്പെടെയുള്ള കന്പനികൾ ഇന്ത്യൻ ബാങ്കുകളിൽനിന്ന് ലോണുകളെടുത്ത് ഇതിൽനിന്നുള്ള വലിയൊരു ശതമാനം തുക വായ്പാമാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു കന്പനികളിലേക്ക് മറിച്ചെന്നാണ് ആരോപണം.